This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറത്തി (തെയ്യം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറത്തി (തെയ്യം)

മന്ത്രമൂര്‍ത്തി ദേവതകളില്‍ ഒന്ന്‌. ബ്രാഹ്മണരും ബ്രാഹ്മണേതരരും ഒരുപോലെ ഈ ദേവതയെ ഉപാസിക്കാറുണ്ട്‌. പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കന്‍ കുറത്തി, മാരണക്കുറത്തി, കുഞ്ഞാര്‍ കുറത്തി എന്നിങ്ങനെ കുറത്തികള്‍ പതിനെട്ടുതരം ആണ്‌.

കുറത്തി തെയ്യം

അത്യുത്തര കേരളത്തില്‍ കുറത്തിയുടെ തെയ്യം കെട്ടിയാടുന്ന പതിവുണ്ട്‌. വേലന്‍, മലയന്‍, മാവിലന്‍, പുലയന്‍, ചെറവന്‍ തുടങ്ങിയ സമുദായക്കാരാണ്‌ കുറത്തിത്തെയ്യം കെട്ടുന്ന കലാകാരന്മാര്‍. കുറത്തിയെ സംബന്ധിച്ച സങ്കല്‌പങ്ങള്‍ പലതാണ്‌. ഒരു ഉര്‍വര ദേവത(Fertility deity)യാണ്‌ കുറത്തി. മുറവും ചൂലും കത്തിയും കൈകളിലേന്തി നര്‍ത്തനം ചെയ്യുന്ന കുറത്തിത്തെയ്യം, ചില സ്ഥലങ്ങളില്‍ വീടുവീടാന്തരം ചക്കരച്ചോറുണ്ണാനെത്താറുണ്ട്‌. കുന്നിന്‍മകളായ പാര്‍വതിയുടെ സങ്കല്‌പവും കുറത്തിയില്‍ ആരോപിതമായിട്ടുണ്ട്‌. പാര്‍വതിയും പരമേശ്വരനും കുറത്തിയുടെയും കുറവന്റെയും വേഷത്തില്‍ നാടുചുറ്റിയെന്നാണ്‌ ഐതിഹ്യം. പുള്ളിക്കുറത്തി പാര്‍വതീസങ്കല്‌പത്തിലുള്ള ദേവതയാണെന്ന്‌ തോറ്റംപാട്ടുകള്‍ വ്യക്തമാക്കുന്നു. കുഞ്ഞാര്‍ കുറത്തി പാര്‍വതിയുടെ മകളത്ര. ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണ്‌ പുലയര്‍ കെട്ടിയാടുന്ന കുറത്തി. "നിഴല്‍ ക്കുത്ത്‌' പാട്ടിനോടു സദൃശമായ ഇതിവൃത്തമാണ്‌ ഈ കുറത്തിയുടെ തോറ്റംപാട്ടിലുള്ളത്‌.

ഇവയ്‌ക്കെല്ലാം പുറമേ, മൃതിയടഞ്ഞ മനുഷ്യരുടെ സങ്കല്‌പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം. ചെറവര്‍ കെട്ടിയാടാറുള്ള കൊറഗനും കുറത്തിയും പരേതരായ മനുഷ്യരുടെ കോലങ്ങളാണ്‌.

(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍